കണ്ണൂർ: മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ പാചക വാതക പ്ലാൻ്റുകളിൽ നിന്ന് മുൻപെന്ന പോലെ ഏജൻസികൾക്ക് സിലണ്ടറുകൾ എത്തിച്ചു നൽകാൻ തീരുമാനിച്ചതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതോടെ കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ 10 ദിവസമായി നിലനിന്നിരുന്ന ഇൻഡേൻ പാചക വാതക വിതരണത്തിലെ പ്രതിസന്ധി അവസാനിക്കുകയാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വിതരണം പഴയതു പടിയാകുമെന്നും ഐഓസി അറിയിച്ചു. മുന്നറിയിപ്പും മുന്നൊരുക്കവും ഒന്നുമില്ലാതെ, മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ പാചക വാതക പ്ലാൻ്റുകളിൽ നിന്ന് നൽകിയിരുന്നത് റദ്ദാക്കി സിലണ്ടുകളുടെ വിതരണം ചേളാരി പ്ലാൻറിലേക്ക് ലിങ്ക് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. മലബാറിലെ 6 ജില്ലകളിലേക്ക് പ്രതിദിനം 400ലോഡ് സിലണ്ടറുകൾ വേണമെന്നതിനാലാണ് മുൻപ് കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ ഏജൻസികൾക്ക് സംസ്ഥാനത്തിന് പുറത്തുള്ള പ്ലാൻ്റുകളിൽ നിന്ന് നൽകിവന്നിരുന്നത്. വെറും 110 ലോഡ് നൽകാനുള്ള ശേഷി മാത്രമാണ് ചേളാരി പ്ലാൻ്റിനുള്ളത്. ഇതു കൊണ്ട് തികയില്ല എന്നതുകൊണ്ടാണ് മേൽപ്പറഞ്ഞ ജില്ലകളിലെ ഏജൻസികളെ സംസ്ഥാനത്തിന് പുറത്തേ പ്ലാൻ്റുകളുമായി ലിങ്ക് ചെയ്തത്. എന്നാൽ പത്ത് ദിവസം മുൻപ് ഭരണപരിഷ്കാരത്തിൻ്റെ പേരിൽ ചേളാരി പ്ലാൻ്റുമായി ഒറ്റയടിക്ക് ലിങ്ക് ചെയ്യുകയാണുണ്ടായത്. ഇതോടെ സിലണ്ടർ കിട്ടാതെ ഏജൻസികളും ഉപഭോക്താക്കളും വലഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടു എന്ന് പറഞ്ഞിരുന്നു എങ്കിലും പരിഹാരത്തിന് നിശ്ചയിച്ച കാലാവധിക്കുള്ളിൽ ഐഒസി തീരുമാനം ഉണ്ടായില്ല. എന്നാൽ പിന്നീട് മന്ത്രി സമ്മർദ്ദം ചെലുത്തിയപ്പോൾ ഐഒസി പഴയ പ്ലാൻ്റുകളുമായുള്ള ലിങ്ക് പുനസ്ഥാപിക്കുകയായിരുന്നു. 5 ദിവസത്തിനകം പൂർണമായ പരിഹാരം ഉണ്ടാകുമെന്നാണ് ഐ ഓ സി വൃത്തങ്ങൾ പറയുന്നത്.
IOC says Indane crisis resolved.